وَٱتَّبَعُواْ مَا تَتۡلُواْ ٱلشَّيَٰطِينُ عَلَىٰ مُلۡكِ سُلَيۡمَٰنَۖ وَمَا كَفَرَ سُلَيۡمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُواْ يُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَآ أُنزِلَ عَلَى ٱلۡمَلَكَيۡنِ بِبَابِلَ هَٰرُوتَ وَمَٰرُوتَۚ وَمَا يُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحۡنُ فِتۡنَةٞ فَلَا تَكۡفُرۡۖ فَيَتَعَلَّمُونَ مِنۡهُمَا مَا يُفَرِّقُونَ بِهِۦ بَيۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ

സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി (അല്ലാഹുവിനോട്) നിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകൾക്ക്(24) ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, 'ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ ഏര്‍പെടരുത്' എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ആളുകൾ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിൻ്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി)യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!

Surah സൂരത്ത് ഫാതിഹാ Ayat 102 Tafsir


24 ഈ ആയത്തില്‍ 'മലകൈനി' എന്നും 'മലികൈനി' എന്നും 'ഖിറാഅത്ത്' (പാഠഭേദം) ഉണ്ട്. 'മലകൈനി' എന്ന പദത്തിന് രണ്ടു മലക്കുകള്‍ എന്ന ഭാഷാര്‍ത്ഥം തന്നെയാണ് ചില വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ളത്. മലക്കുകളെപ്പോലെ അമാനുഷികപദവി നല്‍കി ജനങ്ങളാല്‍ ആദരിക്കപ്പെട്ട രണ്ടുപേര്‍ എന്നാണ് 'മലകൈനി'യുടെ വിവക്ഷയെന്നു പറയുന്നു മറ്റു ചിലര്‍. 'മലികൈനി' എന്നാല്‍ രണ്ട് രാജാക്കന്മാര്‍ എന്നര്‍ഥം. ഹാറൂത്തിനും മാറൂത്തിനും വശമുണ്ടായിരുന്നത് ചില മന്ത്രവിദ്യകളായിരുന്നുവെന്ന് ഈ ആയത്തില്‍നിന്ന് വ്യക്തമാണ്. 'സിഹ്ർ' (മാരണം) അല്ലാഹു ഉദ്ദേശിച്ചവർക്ക് ഫലിക്കും. പക്ഷെ, സിഹ്റിനെ സിഹ്ർ കൊണ്ട് ചികിൽസിക്കൽ അനുവദനീയമല്ല. ഖുർആനിലൂടെയോ സ്ഥിരപ്പെട്ട ഹദീഥുകളിൽ വന്ന പ്രാർത്ഥനകളിലൂടെയോ ചികിൽസിക്കാവുന്നതാണ്. 'സിഹ്ര്‍' എന്ന പദത്തിൻ്റെ പരിധിയില്‍ വരുന്ന മാരണം, കുടോത്രം, മന്ത്രവാദം തുടങ്ങിയവയെല്ലാംതന്നെ നിഷിദ്ധമാണ്.

Sign up for Newsletter