സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു.(10) അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്.(11) (അവരുടെ അഭാവത്താല്‍) ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്.(12) തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
Surah സൂരത്ത് ഫാതിഹാ Ayat 28 Tafsir
10) ബഹുദൈവവിശ്വാസികളുടെ ശരീരം അശുദ്ധമാണെന്നല്ല ഇതിൻ്റെ അര്‍ത്ഥം. അവരോട് തൊട്ടുകൂടായ്മ കൈകൊള്ളണമെന്നുമല്ല. അവിശ്വാസവും അധര്‍മ്മവും നിമിത്തം അവരുടെ മനസ്സും ആത്മാവും മലിനപ്പെട്ടിരിക്കുന്നുവെന്നാണ്.
11) ഏകനായ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി സ്ഥാപിതമായിട്ടുള്ളതാണല്ലോ മസ്ജിദുല്‍ഹറാം. ഇടക്കാലത്ത് അവിടെ ബഹുദൈവാരാധനാ സമ്പ്രദായങ്ങള്‍ കടന്നുകൂടി. റസൂലി(ﷺ) ൻ്റെ മക്കാവിജയത്തോടെ വിഗ്രഹങ്ങള്‍ എടുത്തുനീക്കി മസ്ജിദുല്‍ഹറാം ശുദ്ധീകരിക്കപ്പെടുകയും, ബഹുദൈവാരാധകര്‍ക്ക് അവിടെ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.
12) മക്കാനിവാസികളുടെ വരുമാനം മുഴുവനും തീര്‍ഥാടനം വഴിക്കുള്ളതാണ്. ബഹുദൈവാരാധകര്‍ക്ക് പ്രവേശനം നിരോധിക്കുന്നതു മൂലം വരുമാനത്തില്‍ ഇടിവുണ്ടായേക്കാമെന്ന ആശങ്ക അല്ലാഹു ദൂരീകരിക്കുന്നു.
Surah സൂരത്ത് ഫാതിഹാ Ayat 28 Tafsir